ഞങ്ങളുടെ വീട് ചെറിയ ഒരു കവലയിലാണ് ... റോഡിന്‍റെ സൈഡില്‍ തന്നെ. അതുകൊണ്ടുതന്നെ പല തരത്തിലുള്ള ആളുകള്‍ വന്നു പോകുന്ന ഇടമാണ് . വൈകുന്നേരമായാല്‍ തിരക്കിന്റെ കാര്യം പറയാനില്ല .പക്ഷെ രാത്രി ഉറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് പേടി ഇല്ലായിരുന്നു ...കുറച്ചു കാലം മുന്‍പ് വരെ ...കാരണം ഞങ്ങള്‍ക്ക് കാവലായി ...ഞങ്ങള്‍ക്കെന്നു പറയുമ്പോള്‍ നാട്ടുകാര്‍ക്കെല്ലാം കാവലായി 'കുട്ടു' എന്ന നായ ഉണ്ടായിരുന്നു . 'കുട്ടു' എങ്ങനെ ഇവിടെ എത്തി എന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് ഒരു അറിവും ഇല്ല . എന്നാല്‍ ഞങ്ങളുടെ നാട്ടിലെ പ്രൈവറ്റ് ലോഡിംഗ്കാരനായ ഹരിയേട്ടന്‍ അവനെ ഏറ്റെടുത്തു. അവനു വേണ്ട ഭക്ഷണവും വെള്ളവും കൊടുത്തു . ഒരു 3 വയസ്സ് വരെ അവന്‍ ഹരിയെട്ടന്റെ വീടിലാണ് വളര്‍ന്നത് . അത് കഴിഞ്ഞു ഹരിയെട്ടനുമായി പിണങ്ങിയിട്ടാനെന്നു തോന്നുന്നു അവന്‍ തെരുവിലേക്കിറങ്ങി .. പിന്നെ അവന്‍റെ ജീവിതം തെരുവിലായി. നാട്ടുകാര്‍ അവന്‍റെ സംരക്ഷണം ഏറ്റെടുത്തു . എന്നാലും ഹരിയേട്ടന് അവനെ അങ്ങനെ ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല. വീട്ടില്‍ കയറ്റില്ലെങ്കിലും അവനു ഭക്ഷണവും മറ്റും കൊടുത്തു.
തെരുവില്‍ വളര്‍ന്നത് കൊണ്ടാവാം കുട്ടുവിനു എല്ലാ തരം ആളുകളെയും വേര്‍തിരിച്ചു അറിയാമായിരുന്നു . നല്ല ബുദ്ധിയാണ് അവന്. രാത്രി നാടുകാരല്ലാത്ത , പരിചയമില്ലാത്ത ഒരാള്‍ വന്നാല്‍ അവന്‍ കുറച്ചു എല്ലാവരെയും ഉണര്‍ത്തും. അത് കൊണ്ട് തന്നെ കള്ളന്മാര്‍ക്കൊന്നും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല .
അവന്‍റെ വേറൊരു സവിശേഷത അവന്‍റെ നേതൃത്വ പാടവമാണ്. നാടിലുള്ള മറ്റു എല്ലാ നായകള്‍ക്കും , പട്ടികള്‍ക്കും
അവന്‍ നേതാവാണ് . ഇടയ്ക്കു ശണ്ട കൂടുന്ന നായകള്‍ക്കിടയില്‍ അവനൊന്നു ഇടപെടും . അവന്‍ വന്നാലുടന്‍ മറ്റുള്ളവര്‍ അവരുടെ വഴക്ക് അവസാനിപ്പിച്ചു പോകുന്നത് കാണാം. ഇതിനു ഞാന്‍ തന്നെ എത്ര തവണ സാക്ഷ് യം വഹിച്ചിട്ടുണ്ടെന്നോ?
മറ്റുള്ള എല്ലാ പട്ടികള്‍ക്കും അവന്‍ ഒരു മാതൃകയായിരുന്നു. എല്ലാവര്ക്കും അവനെ നല്ല ബഹുമാനവും ആയിരുന്നു.... ഒരാള്‍ക്കൊഴികെ. Excise വാസുവേട്ടന്റെ നായ 'ടിങ്കു' അവന്‍റെ ശത്രുവായി കണ്ടത് കുട്ടുവിനെ ആയിരുന്നു . അവരുടെ ശത്രുതക്ക് എന്താണ് കാരണം എന്ന് ആര്‍ക്കും അറിയില്ല . പക്ഷെ കുട്ടു അതൊന്നും കാര്യമാക്കിയില്ല . ടിങ്കു അവനെ നോക്കി മുറുമുറുക്കുമ്പോള്‍ അവന്‍ തിരുച്ചു ഒരു കുര വച്ച് കൊടുക്കും . പിന്നെ ടിങ്കു ഒന്നും മിണ്ടില്ല. കുട്ടു ഒന്ന് തറപ്പിച്ചു നോക്കിയാല്‍ മതി മറ്റു നായ്ക്കള്‍ അവിടെ നില്‍ക്കും. അത്രയ്ക്ക് ശക്തിയായിരുന്നു ആ നോട്ടത്തിന്!!!
പല പെണ്‍ പട്ടികളും അവന്‍റെ പുറകെ നടന്നെങ്കിലും കുട്ടു അതൊന്നും കാര്യമാക്കിയില്ല .
അങ്ങനെയിരിക്കെ ഒരു ദിവസം ടിങ്കു എങ്ങനെയോ കെട്ടഴിഞ്ഞു കവലയിലെത്തി .. അപ്പോള്‍ അതാ നില്‍ക്കുന്നു കുട്ടു !!! അവന്‍റെ രക്തം തിളച്ചു.മനസ്സിലുള്ള അവന്‍റെ പക പതച്ചു പൊങ്ങി . അവന്‍ ഓടി വന്നു കുട്ടുവിന്റെ ദേഹത്തെക്കൊരു ചാട്ടം . പെട്ടന്നുള്ള ആക്രമണം കുട്ടു പ്രതീക്ഷിച്ചിരുന്നില്ല . പിന്നെ നടന്നത് ഘോര യുദ്ധമായിരുന്നു . ആളുകള്‍ ഓടികൂടി...ഹരിയേട്ടന്‍ കുട്ടുവിനെ പിടിച്ചു നിര്‍ത്തി. ഇല്ലായിരുന്നെങ്കില്‍ കുട്ടു ടിങ്കുവിന്റെ കഥ കഴിച്ചേനെ . എന്തായാലും ആ യുദ്ധത്തില്‍ രണ്ടു പേര്‍ക്കും നല്ല പരിക്ക് പറ്റി. ഹരിയേട്ടന്‍ കുട്ടുവിന്റെ മുറിവുകളിലെല്ലാം മരുന്ന് വച്ച് കെട്ടി. കുറച്ചു ദിവസം കുട്ടു ഞൊണ്ടി , ഞൊണ്ടിയാണ് നടന്നത് . ആ ദിവസങ്ങളിലൊന്നും ടിങ്കുവിനെയുംനെയും പുറത്തു കണ്ടില്ല. അങ്ങനെ കുറെ കാലം കഴിഞ്ഞു പോയി. കുട്ടു തന്‍റെ ജോലി കൃത്യമായി ചെയതുകൊണ്ടിരുന്നു. അതിനകം തന്നെ അവന്‍ നാടുകാരുടെ പ്രിയപ്പെട്ടവനായി മാറിയിരുന്നു . "ഹരിയെട്ടന്റെ നായ" എന്ന വിശേഷണത്തില്‍ നിന്നു "നാട്ടുകാരുടെ നായ " എന്ന വിശേഷണം അവന് കിട്ടി.
ഇതിനിടെ ടിങ്കുവിന് കലശലായ അസുഖം വന്നു ചത്തു. ടിങ്കുവിന്റെ മരണം കുട്ടുവിനെ വല്ലാതെ വേദനിപ്പിച്ചു.
അവന്‍ കുറച്ചു ദിവസം ഭക്ഷണവും ഒന്നും കഴിച്ചില്ല എന്ന് ഹരിയേട്ടന്‍ തന്നെ പറഞ്ഞാണ് അറിഞ്ഞത് .
കാലം കടന്നു പോയി ...കുട്ടുവിനു വയസ്സായി (ഏകദേശം 10 വയസ്സ്).. സാധാരണ നായകള്‍ അത്രയും കാലം ജീവിക്കുമെന്ന് തോന്നുന്നില്ല . കണ്ണ് തീരെ കാണാതായി , ശരിക്ക് നടക്കാന്‍ വയ്യാതായി . അങ്ങനെ അവന്‍ എഴുന്നേല്‍ക്കാന്‍ വയ്യാതെ ഞങ്ങുടെ അടുത്ത പറമ്പില്‍ സ്ഥിരം കിടന്നു ഉറങ്ങാന്‍ തുടങ്ങി. ഭക്ഷണം കൊടുത്താല്‍ ഒന്നും കഴിക്കില്ല .. വെള്ളം മാത്രം കുടിച്ചു കൊണ്ട് ഒരേ കിടപ്പ് തന്നെ... ഏകദേശം ഒരു മാസം അവന്‍ ആ കിടപ്പ് തുടര്‍ന്നു. നാടുകാര്‍ പലരും അവനെ കാണാന്‍ വന്നു .
ഒടുവില്‍ അവന്‍ മരിച്ചു. അപ്പോള്‍ ഞാന്‍ വീടിലുണ്ടയിരുന്നില്ല . ഞാന്‍ പുറത്തു പോയിരിക്കുകയായിരുന്നു ..വൈകുന്നേരം ഞാന്‍ വന്നപ്പോള്‍ അമ്മ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. ഹരിയേട്ടന്‍ തന്നെ അവനെ എടുത്തു കൊണ്ട് പോയി കുഴിച്ചിട്ടു.
അങ്ങനെ നാട്ടുകാരുടെയും , വീട്ടുകാരുടെയും എല്ലാം കന്നിലുന്നിയായ 'കുട്ടു' ഞങ്ങളോട് വിട പറഞ്ഞു .
ഗള്‍ഫില്‍ നിന്നു തിരിച്ചെത്തി ഞാന്‍ മറ്റൊരു 'കുട്ടുവിനെ' നാട്ടിലെല്ലാം തിരഞ്ഞു ..പക്ഷെ കണ്ടെത്താനായില്ല ...ഇനിയൊരു 'കുട്ടു' ഉണ്ടാവുമോ ആവോ ?